അറേബ്യന്‍ ലഹരി 1191 ചിങ്ങം 11
...തുടര്‍ച്ചയാണ്, നുര പതഞ്ഞു തീരം തേടുന്ന തിരകള്‍ പോലെ..
പതര്‍ച്ചയാണ്, വെയിലേറ്റു വാടുന്ന പുഞ്ചക്കതിര് പോലെ
പ്രതീക്ഷയാണ്, പടിക്കലേക്കെഴുന്ന അമ്മക്കണ്ണിലെ ദൈന്യം പോലെ
അകല്‍ച്ചയാണ്, പുതുനാമ്പുകള്‍ കുഞ്ഞു കലപിലകള്‍ കൂട്ടിയ പോലെ
നിഴലൊച്ചയാണ്, നിലാരാവില്‍ ആരോ പാടുന്ന വിരഹഗാനം പോലെ..
ഇവയൊക്കെ ഇഴ ചേര്‍ത്ത് തുന്നിയ പാട്ടാണ് പ്രവാസം..
മേല്‍പറഞ്ഞ കൊടുമപ്പെട്ട വരികള്‍ കൊണ്ടൊക്കെ കവി ഭാവനയുള്ളവന് പ്രവാസത്തെ നിര്‍വചിക്കാം..അല്ലെങ്കിലും പ്രവാസത്തിലൊരു ലഹരിയുണ്ട്..
നാട്ടില്‍ വറുതിയുള്ളവന്‍, മാസാന്ത്യത്തില്‍ കയ്യിലെത്തിയതില്‍ ഒരു പങ്ക് നാട്ടിലേക്കയച്ച് അതിന്‍റെ acknowledgement ഫോണ്‍ വഴി കിട്ടുമ്പോള്‍, ബോധം മറയും വരെ മദ്യക്കോപ്പ ചുണ്ടോടു ചേര്‍ത്ത് പിടിച്ചാലും ഇത് സാധ്യമല്ല എന്നവനോട് സ്വയം പറയുന്നത്.. അതാവണം അവന്‍റെ അറേബ്യന്‍ ലഹരി...
കലാലയത്തില്‍ വിളയാടുന്ന കാലത്ത് കണ്ടു കൂട്ടിയ സ്വപ്നമെന്ന ഓട്ടപാത്രങ്ങള്‍, കടലിനക്കരെ യാഥാര്‍ത്ഥ്യമാവുമ്പോള്‍ സ്വപ്ന-യാഥാര്‍ത്യങ്ങളുടെ അന്തരം കാലക്കണക്കില്‍ നോക്കി താന്‍പോരിമയുടെ ചില്ലുസിംഹാസനത്തിലിരുന്ന്‍ ഒരാള്‍ ചിന്തിക്കുന്നത്..അതാവണം അവന്‍റെ അറേബ്യന്‍ ലഹരി..
മൂന്നാമതൊരാള്‍ പണം കൊണ്ടളന്ന പ്രണയവാഗ്ദാനം നിറവേറ്റാന്‍, തന്‍റെ സ്വത്വം കളഞ്ഞു പറന്നുപോയി ജീവിതം ഒരു യുദ്ധഭൂമിയിലെ പടവെട്ടാക്കി ഒരുനാള്‍ അവളെയും അവളുടെ സ്വന്തക്കാരെയും തന്‍റെതാക്കി വെട്ടിപ്പിടിക്കാന്‍ ഇനിയൊന്നുമില്ലെന്നറിവില്‍ ലോകത്തോടുള്ള പുച്ഛം നിറഞ്ഞ ചിരി...അതിലുണ്ടാവണം അവന്‍റെ അറേബ്യന്‍ ലഹരി..
ലഹരികള്‍ ഇനിയുമുണ്ടാവാം..ഇനിയും പാടാത്ത എത്രയോ വരികള്‍ നിറഞ്ഞതല്ലേ പ്രവാസം..കാത്തിരിക്കൂ..
(തുടരും)
No comments:
Post a Comment