Thursday, August 27, 2015

                                               അറേബ്യന്‍ ലഹരി                            1191 ചിങ്ങം 11



  ...തുടര്‍ച്ചയാണ്,  നുര പതഞ്ഞു തീരം തേടുന്ന തിരകള്‍ പോലെ..
    പതര്‍ച്ചയാണ്,  വെയിലേറ്റു വാടുന്ന പുഞ്ചക്കതിര് പോലെ
    പ്രതീക്ഷയാണ്, പടിക്കലേക്കെഴുന്ന അമ്മക്കണ്ണിലെ ദൈന്യം പോലെ
    അകല്‍ച്ചയാണ്,  പുതുനാമ്പുകള്‍ കുഞ്ഞു കലപിലകള്‍ കൂട്ടിയ പോലെ
    നിഴലൊച്ചയാണ്, നിലാരാവില്‍ ആരോ പാടുന്ന വിരഹഗാനം പോലെ..
                ഇവയൊക്കെ  ഇഴ ചേര്‍ത്ത് തുന്നിയ പാട്ടാണ് പ്രവാസം..
             
             മേല്‍പറഞ്ഞ കൊടുമപ്പെട്ട  വരികള്‍ കൊണ്ടൊക്കെ കവി ഭാവനയുള്ളവന് പ്രവാസത്തെ നിര്‍വചിക്കാം..അല്ലെങ്കിലും പ്രവാസത്തിലൊരു ലഹരിയുണ്ട്..

          നാട്ടില്‍ വറുതിയുള്ളവന്‍, മാസാന്ത്യത്തില്‍ കയ്യിലെത്തിയതില്‍ ഒരു പങ്ക്  നാട്ടിലേക്കയച്ച് അതിന്‍റെ acknowledgement ഫോണ്‍ വഴി കിട്ടുമ്പോള്‍, ബോധം മറയും വരെ മദ്യക്കോപ്പ ചുണ്ടോടു ചേര്‍ത്ത് പിടിച്ചാലും ഇത് സാധ്യമല്ല എന്നവനോട് സ്വയം പറയുന്നത്.. അതാവണം അവന്‍റെ അറേബ്യന്‍ ലഹരി...

         കലാലയത്തില്‍ വിളയാടുന്ന കാലത്ത് കണ്ടു കൂട്ടിയ സ്വപ്നമെന്ന ഓട്ടപാത്രങ്ങള്‍, കടലിനക്കരെ യാഥാര്‍ത്ഥ്യമാവുമ്പോള്‍  സ്വപ്ന-യാഥാര്‍ത്യങ്ങളുടെ അന്തരം കാലക്കണക്കില്‍ നോക്കി താന്‍പോരിമയുടെ ചില്ലുസിംഹാസനത്തിലിരുന്ന്‍ ഒരാള്‍ ചിന്തിക്കുന്നത്..അതാവണം അവന്‍റെ അറേബ്യന്‍ ലഹരി..

        മൂന്നാമതൊരാള്‍ പണം കൊണ്ടളന്ന പ്രണയവാഗ്ദാനം നിറവേറ്റാന്‍, തന്‍റെ സ്വത്വം കളഞ്ഞു പറന്നുപോയി ജീവിതം ഒരു യുദ്ധഭൂമിയിലെ  പടവെട്ടാക്കി  ഒരുനാള്‍ അവളെയും അവളുടെ സ്വന്തക്കാരെയും തന്‍റെതാക്കി വെട്ടിപ്പിടിക്കാന്‍ ഇനിയൊന്നുമില്ലെന്നറിവില്‍ ലോകത്തോടുള്ള പുച്ഛം നിറഞ്ഞ ചിരി...അതിലുണ്ടാവണം അവന്‍റെ അറേബ്യന്‍ ലഹരി..

           ലഹരികള്‍ ഇനിയുമുണ്ടാവാം..ഇനിയും പാടാത്ത എത്രയോ വരികള്‍ നിറഞ്ഞതല്ലേ പ്രവാസം..കാത്തിരിക്കൂ..

                                                                                                                     (തുടരും)

Tuesday, August 4, 2015

കൊല്ലവർഷം 1190 കർക്കിടകം 19,                                         ഓഗസ്റ്റ്‌ 4 2015 

                എൻറെ ആദ്യത്തെ ബ്ലോഗ് എഴുത്ത് ... ഒമ്പതാം ക്ലാസ്സിൽ നോട്ട് ബുക്കിലെ കുത്തിക്കുറിക്കൽ  കണ്ട് എന്നെ കൊണ്ട് ആദ്യത്തെ പ്രേമലേഖനം എഴുതിച്ച മനോജിനും, കമന്റ്‌ ബോക്സിലെ വായാടിത്തം കണ്ട് ഇങ്ങോട്ട് കൂട്ട് വിളിച്ച അനീഷ്‌ പാലമ്പറ്റക്കും നന്ദി...


                പ്രവാസി      ..... വറുതിയുടെ കാലത്ത് നാടും വീടും വിട്ട് കടൽ കടന്നു ഇവിടെയെത്തി  വേർപാടുകളും ജനനമരണങ്ങളും കല്ല്യാണങ്ങളും ആഘോഷങ്ങളും മനസ്സുകൊണ്ട് മാത്രം കണ്ടും,  കത്ത് എഴുതിയും വായിച്ചും  ഓല കാസറ്റിൽ ശബ്ദങ്ങൾ കേട്ടും കൊടുത്തും,  മണിഓർഡറോ കുഴലോ വഴി പണമയച്ചും നാടിനെയും കുടുംബത്തെയും തീവ്രമായി സ്നേഹിച്ച്, ത്യാഗങ്ങളെ കുറിച്ച് കണ്ണീരണിഞ്ഞും, വേർപാടിനെ പറ്റി നെടുവീർപ്പയച്ചും, നഷ്ടങ്ങളോർത്ത് വിതുമ്പിയും  പത്തും ഇരുപതും മുപ്പതും കൊല്ലത്തെ നര വീണ  വർണ്ണ കുപ്പായങ്ങളുള്ള  മുൻ തലമുറകളിലെ വ്രണിത ഹൃദയരായ പ്രവാസികളുടെ ഓർമകളിൽ..

                     ഇന്ന് ഞാനും ഒരു പ്രവാസി..ഈ മേൽക്കുപ്പായത്തിനു  ഇപ്പൊ 2   കൊല്ലമായി... തിരിഞ്ഞു നോക്കുമ്പോ കടപ്പെട്ടവരുടെ ചിത്രങ്ങൾ കുറെയേറെ..കറിക്കൂട്ടിലെ ഉപ്പു പോലെ നഷ്ടചിത്രങ്ങൾ പാകത്തിന്..കരുതും മുമ്പേ സക്ഷാത് ക്കരിക്കപ്പെട്ട ചില ലക്ഷ്യങ്ങൾ...നടക്കുമോ ഇല്ലയോ എന്നറിയാത്ത ചില സ്വപ്‌നങ്ങൾ...ഇതൊക്കെയാണ് നീക്കിയിരിപ്പുകൾ..


                  ' ഇജ്ജ് ഇപ്പൊ എഞ്ചിനീർ ആയി ഗൾഫി പോയി ബല്ല്യ കായിക്കാരനാവും, അപ്പളും അനക്ക്  ഇത് പോലെ റോജ പാക്കും കൂട്ടി ഇന്റൊപ്പം വെറ്റില മുറുക്കാൻ നേരണ്ടാവോടാ പട്ടരേ'  എന്ന ഉമ്മമ്മാന്റെ  വെല്ലുവിളി സ്വീകരിച്ചു കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഇങ്ങോട്ട് കയറിയതാ...കരുപ്പിടിച്ച ജീവിതം ഒന്നൂടെ പോളിഷ് ചെയ്ത് തിളക്കം കൂട്ടാൻ...

                                                                                                    (തുടരും)
                

Thursday, July 30, 2015


അറേബ്യന്‍ ലഹരി


വീഞ്ഞിനു ഉപ്പുരസമാണൊ?

അതു മരുഭൂമിയില്‍ പൊടിഞ്ഞ കണ്ണീരിന്‍റേതല്ലെ?
അതൊ വിയര്‍പിന്‍റെയൊ?
കണ്ണീരിലും വിയര്‍പ്പിലും ലഹരിയുണ്ടോ?
ഉണ്ടാവുമായിരിക്കാം...

എന്നാല്‍ ചെങ്കടല്‍ കനിഞ്ഞ, നിറമുള്ള, നേത്രങ്ങളാല്‍ നുകരേണ്ട വീഞ്ഞിലൊ?
അതില്‍ ഉപ്പുണ്ട്, തീര്‍ച്ചയായും അതിലൊരു ലഹരിയുമുണ്ട്.

അതല്ലെ അറേബ്യന്‍ ലഹരി..?!

Tuesday, July 14, 2015

അറേബ്യന്‍ ലഹരി


"കഷ്ടപ്പാടാവുംട്ടോ...ചെറുപ്പം അല്ലേ, ഇത്തിരിയൊക്കെ സഹിക്കാം..." സൗദിയിലേക്കു വണ്ടി കയറുന്നതിനു മുന്‍പ് ഉറ്റവര്‍ മൊഴിഞ്ഞത്.

രണ്ടര വര്‍ഷം ഇന്നീ മരുഭൂമിയില്‍ പിന്നിടുമ്പോള്‍ പറഞ്ഞു പഴകി പുളിച്ച ആ വാക്കുകള്‍ മത്തുപിടിപ്പിക്കുന്ന ഒരു വീഞ്ഞായ്ത്തീര്‍ന്നിരിക്കുന്നു...

മദ്യം ഹറാമയ ഇന്നാട്ടില്‍ വീഞ്ഞു കിട്ടുമോ? 
കിട്ടിയാല്‍ തന്നെ വിശ്വസിച്ചു കുടിക്കാന്‍ പറ്റുമോ? കുടിച്ചാല്‍ അരെങ്കിലും പിടിക്കുമോ?

അറിയില്ല... ഞാന്‍ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല...!